'ഷാഡോ ബോക്‌സ് ' ചോദ്യം ചെയ്യുന്നത് സ്ത്രീയുടെ മാനസിക സംഘര്‍ഷങ്ങളെ പരിഗണിക്കാത്ത സമൂഹ നിലപാടിനെയെന്ന് സംവിധായകരായ തനുശ്രീയും സൗമ്യാനന്ദയും

താന്‍ കണ്ട സ്ത്രീകളാണ് തന്റെ സ്ത്രീ കഥാപാത്രങ്ങളെന്ന് തനുശ്രീ പറഞ്ഞു. അതുകൊണ്ടുതന്നെ തന്റെ ആദ്യ ചിത്രം ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാവണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി.

Starcast : IFFK 2025, Kerala Chalachithra Academy

Director: Thanusree, Soumyanandan

( 0 / 5 )

തിരുവനന്തപുരം: സ്ത്രീകള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്ത സമൂഹത്തിന്റെ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുകയാണ് 'ഷാഡോ ബോക്‌സ്' എന്ന ബംഗാളി ചിത്രമെന്ന് സംവിധായകരായ തനുശ്രീ ദാസും സൗമ്യാനന്ദ സ്വാഹിയും. 30ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച 'ഷാഡോ ബോക്‌സിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും.

സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് സമൂഹം ഇപ്പോഴും വേണ്ടത്ര പരിഗണന നല്‍കുന്നില്ല. തനുശ്രീയില്‍ നിന്നാണ് മായയുടെ കഥ ആദ്യമായി ഉണ്ടായത്, അതോടൊപ്പം സൗമ്യാനന്ദയുടെ കുട്ടിക്കാല അനുഭവങ്ങളും ഒത്തിണക്കിയതോടെ ഈ വിഷയത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഒരു പരിധിവരെ സാധിച്ചു.




മായ എന്ന കഥാപാത്രത്തിലൂടെ, കരുത്തിന്റെയും ധീരതയുടെയും വൈവിധ്യമാര്‍ന്ന കഥ അവതരിപ്പിക്കാനുള്ള ശ്രമം കൂടിയാണിത്. സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ കുടുംബബന്ധങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും വ്യത്യസ്ത ഭാവങ്ങള്‍ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.




താന്‍ കണ്ട സ്ത്രീകളാണ് തന്റെ സ്ത്രീ കഥാപാത്രങ്ങളെന്ന് തനുശ്രീ പറഞ്ഞു. അതുകൊണ്ടുതന്നെ തന്റെ ആദ്യ ചിത്രം ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാവണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി.

സ്വതന്ത്ര സിനിമ എന്ന നിലയില്‍ ലോക ശ്രദ്ധ നേടിയ 'ഷാഡോ ബോക്‌സ്' രണ്ട് സംവിധായകരുടെ 10 വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമാണ്. ചിത്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നിലെ കഥകള്‍ തികച്ചും വ്യത്യസ്തമാണെന്നും നിര്‍മ്മാതാക്കളുടെ ഒരു കൂട്ടായ്മ തന്നെ ചിത്രത്തിനു പിന്നിലുണ്ടെന്നും സംവിധായകര്‍ പറഞ്ഞു.




സ്വതന്ത്ര സിനികള്‍ വെറുമൊരു സംവിധായകന്റെയോ സംവിധായകയുടേയോ സൃഷ്ടിയല്ല, മറിച്ച് ഒരു കൂട്ടായ്മയുടെ പ്രയത്‌നത്തിന്റെ ഫലമാണ്. തങ്ങളുടേതായ കൂട്ടായ്മ ഉണ്ടാക്കിയെടുക്കുക എന്നതാണ് സിനിമ സ്വപ്‌നം കാണുന്ന ഓരോ വ്യക്തിയും ആദ്യം ചെയ്യേണ്ടത്. ആ കൂട്ടായ്മയില്‍ നിന്ന് വേറിട്ട് പോകാതെ അതിനെ വളര്‍ത്താനും ഒപ്പം വളരാനും അതിലൂടെ അവര്‍ക്ക് സാധിക്കും. നല്ല കൂട്ടുക്കെട്ടുകള്‍ സാധ്യമായാല്‍ നല്ല സിനിമകളും സൃഷ്ടിക്കപ്പെടുമെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

Bivin

Bivin

 
Related Articles
Next Story