എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ: ധർമജൻ

മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും.

മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് റജിസ്റ്റർ ചെയ്യുന്നതൊരു ചടങ്ങായി മാറ്റാൻ തീരുമാനിച്ചതെന്ന് ധർമജൻ പറഞ്ഞു. പതിനാറു വർഷം മുമ്പ് ഒളിച്ചോടി വിവാഹിതരായവരാണ് തങ്ങളെന്നും അന്നത്തെ സാഹചര്യത്തിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതാണെന്നും ധർമജൻ പറഞ്ഞു.

‘പതിനാറ് വർഷം മുമ്പ് ഒളിച്ചോടിയ ആളുകളാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. അന്ന് റജിസ്ട്രേഷനെക്കുറിച്ച് വലിയ തോന്നൽ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് അങ്ങനെയൊരു തോന്നലുണ്ടായത്. കുട്ടികൾ ഒരാൾ പത്തിലും ഒരാൾ ഒൻപതിലുമായി. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്നു മാത്രമല്ല റജിസ്റ്ററും ചെയ്തു. റെക്കോർഡിക്കൽ ആയി നമുക്കൊരു രേഖ ആവശ്യമാണ്. പല കാര്യങ്ങൾക്കും ചെല്ലുമ്പോൾ ഇതില്ലെങ്കില്‍ പ്രശ്നമാകും. അല്ലാതെ ആളുകളുടെ മുമ്പിൽ ഇതു ചെയ്യാൻ വേണ്ടി ചെയ്തതല്ല. നമ്മുടെ ഭാവിക്കും സുരക്ഷിതത്വത്തിനും വേണ്ടി ചെയ്ത കല്യാണമാണ്. കുട്ടികൾക്കും വലിയ സന്തോഷമായി.

വിവാഹം കഴിക്കുക, കല്യാണപ്പെണ്ണായി ഒരുങ്ങുക എന്നതൊക്കെ ഒരു പെൺകുട്ടിയുടെ മോഹമാണ്. അന്നൊരു ചുരിദാറുമിട്ട്, വഴിയിൽ വന്നു നിന്നപ്പോൾ അവിടെ നിന്നു തട്ടിക്കൊണ്ടുവന്ന് കല്യാണം കഴിക്കുകയായിരുന്നു. ഇന്ന് ആ സ്വപ്നം ചെറുതായി ഒന്നു നടന്നു. അന്ന് ഞങ്ങളുടെ വിവാഹത്തിന് എന്റെ വീട്ടുകാരുടെ സമ്മതം ഇല്ലായിരുന്നു. ഇന്ന് രണ്ടു വീട്ടുകാരുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.ഒരു വർഷത്തോളാണ് ഇവളുടെ വീട്ടുകാർ അകന്നു നിന്നത്. പിന്നീട് കുട്ടികളൊക്കെ ആയി കഴിഞ്ഞപ്പോൾ അതൊക്കെ മാറി, സൗഹൃദവും സന്തോഷവുമൊക്കെയായിരുന്നു. പക്ഷേ ഇപ്പോൾ ഈ വിവാഹം നടക്കുമ്പോഴും വേണ്ടപ്പെട്ട ചിലരൊക്കെ ഇല്ലാത്തതിന്റെ സങ്കടമുണ്ട്.

ഈ വിവാഹം മറ്റുള്ളവർക്കും പ്രചോദനമാകണമെന്നാണ് ഞാൻ കരുതുന്നത്. തീർച്ചയായും എല്ലാവരും വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യണം. എന്റെ ചില കൂട്ടുകാരൊക്കെ ഇപ്പോഴും ചെയ്തിട്ടില്ല. അവരോടൊക്കെ പറയാനുള്ളത്, എത്രയും വേഗം ചെയ്യണം എന്നതാണ്.’’–ധർമജന്റെ വാക്കുകൾ.

Athul

Athul

 
Related Articles
Next Story